Sunday, November 9, 2014

ചേമ്പ് പുഴുങ്ങിയതും കാ‍ന്താരി മുളക് ഉടച്ചതും




മലയാളികളുടെ മഴക്കാലത്തെ പ്രിയപ്പെട്ടഒരു നാടന്‍ രുചി..കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടില്‍ പോകുമ്പോഴാണ് ഇതിന്റെ രുചി ശെരിക്കും അറിയുന്നത്. അമ്മയുടെ അമ്മ എന്റെ വല്യമ്മച്ചി നന്നായി പാചകം ചെയ്യുമായിരുന്നു.ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒക്കെ ഇത് കഴിക്കാറുണ്ട്.

വലിയ ഒരു വാഴയിലയില്‍ കപ്പ ,കാച്ചില്‍,ചേമ്പ് ( കണ്ണന്‍ ചേമ്പ് ആണ് കൂടുതല്‍ രുചി) ,ചേന എല്ലാം കൂടി കലത്തില്‍ പുഴുങ്ങി വാഴയിലയിലേക്ക് കുടഞ്ഞിടും, ഇലയുടെ വശങ്ങളില്‍ കാ‍ന്താരി മുളകും കുഞ്ഞുള്ളിയും ഉടച്ചത് പച്ച വെളിച്ചെണ്ണ ചേര്‍ത്തു വെച്ചിരിക്കും, എല്ലാരും കൂടി ചുറ്റുമിരുന്നു കാ‍ന്താരി ഉടച്ചതില്‍ തൊട്ടു കഴിക്കും, കൂടെ ഓരോ ഓരോ കട്ടന്‍ കാപ്പിയും,.... ,ഇപ്പോള്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പോലും ഇതൊന്നും കിട്ടാനില്ല

ചേമ്പ് ചെരണ്ടി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ചേര്ത്തു പുഴുങ്ങി എടുക്കുക,വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം പാകത്തിന് ഉപ്പ് ചേര്‍ക്കുക . ചേമ്പ് പുഴുങ്ങിയത് തയ്യാര്‍.

ഇനി കാന്താരിയും കുഞ്ഞുള്ളിയും ഉടച്ചത് ഉണ്ടാക്കാം. പത്തു പതിനഞ്ചു കുഞ്ഞുള്ളിയും ആവശ്യത്തിന് കാന്താരി മുളകും കൂടി ഒരു കുഴിയന്‍ പാത്രത്തില്‍ ഇട്ടു കൈ കൊണ്ട് ഞെവിടി എടുത്തിട്ട് വെളിച്ചെണ്ണയും ഉപ്പും ചേര്ക്കുക..ഇതിനു കത്തിയും മിക്സിയും ഒന്നും വേണ്ട,രുചി കിട്ടില്ല..പണ്ട് കാലത്ത് അരി വെന്തു വാങ്ങാന്‍ ഉപയോഗിക്കുന്ന ഒരു അടപ്പ് ചട്ടി ഉണ്ട് ,അതില്‍ തവി ( മരത്തവി) കൊണ്ട് ഉടച്ചു ആണ് ഇത് ഉണ്ടാക്കിയിരുന്നത്.അത് ഇല്ലാത്തവര്‍ അമ്മിക്കല്ലില്‍ ചതചെടുക്കും. ഇനി ചേമ്പും കന്താരി മുളക് ഉടച്ചതും ഒരു കട്ടന്‍ കാപ്പിയും കൂടി കഴിച്ചോളു,, ഉണക്ക മീന്‍ ചുട്ടതും കൂടി ഉണ്ടെങ്കില്‍ അഹാഹ് .വായിലൂടെ പുതിയ ടൈറ്റാനിക് ഓടിക്കാം.

No comments:

Post a Comment